കടല്‍ക്കൊല:നാവികരെ എന്‍.ഐ.എ കോടതിക്കു വിടണമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ എന്‍.ഐ.എ നടത്തുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയെ അതിശക്തമായി എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ എന്‍.ഐ.എ കോടതിയില്‍ വിചാരണ നേരിടാനുള്ള അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടല്‍ക്കൊല കേസില്‍ എന്‍.ഐ.എ കോടതിയില്‍ നാവികര്‍ വിചാരണ നേരിടണമെന്നും നിയമവിരുദ്ധ നടപടികള്‍ക്കുമെതിരേ കേസെടുക്കാന്‍ ഇന്ത്യക്ക് അധികാരമുണ്ടെന്നുമാണ് നേരത്തെ സുപ്രീംകോടതി വിധിച്ചത്. എന്നാല്‍ പ്രതികള്‍ ഇറ്റാലിയന്‍ നാവികസേനയുടെ ഭാഗമാണെന്നും അവരെ ഇറ്റാലിയന്‍ സര്‍ക്കാരാണ് കപ്പലിന്റെ സുരക്ഷയ്ക്ക് നിയോഗിച്ചതെന്നും ഇന്ത്യയില്‍ വിചാരണ ചെയ്യാന്‍ പാടില്ലെന്നുമാണ് ട്രൈബ്യൂണലിന്റെ വിധി. ഇത് അംഗീകരിച്ചുകൊണ്ടാണ് കടല്‍ക്കൊലയുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ഇറ്റലിയുടെ വാദങ്ങളെല്ലാം നേരത്തെ തള്ളിക്കളഞ്ഞ സുപ്രീംകോടതിയുടെ മുമ്പാകെയുള്ള കടല്‍ക്കൊലക്കേസില്‍ കേരളം കക്ഷിയാണ്. കേരളത്തിന്റെ അഭിപ്രായം ആരായാതെയാണ് കേന്ദ്രം ധൃതിപിടിച്ച് കേസ് അവസാനിപ്പിക്കാന്‍ അപേക്ഷ നല്‍കിയത്. ഇത് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തോടു കാട്ടുന്ന അനീതിയാണ്. സമുദ്രാതിര്‍ത്തിയില്‍ രാജ്യത്തിനുള്ള പരമാധികാരത്തെ ചോദ്യം ചെയ്യുന്നതു കൂടിയാണ് ട്രൈബ്യൂണലിന്റെ വിധി.