ഖാദി ബോർഡ് വൈസ് ചെയർമാന് 35 ലക്ഷത്തിന്റെ കാർ; ഹൈക്കോടതി ജഡ്ജിക്ക് 24 ലക്ഷത്തിന്റെയും
ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് 35 ലക്ഷം രൂപയുടേയും കേരള ഹൈക്കോടതി ജഡ്ജിമാർക്ക് 24 ലക്ഷം രൂപയുടേയും വാഹനങ്ങൾ അനുവദിച്ച് കാബിനറ്റ്. ജയരാജന് 35 ലക്ഷം രൂപ വിലമതിക്കുന്ന മുന്തിയ ഇനം വാഹനം അനുവദിക്കുമ്പോഴും ഹൈക്കോടതി ജഡ്ജിമാർക്ക് ഇന്നോവ ക്രിസ്റ്റയുടെ ബിഎസ്6 വേർഷനാണ് അനുവദിച്ചിരിക്കുന്നത്.
ഹൈക്കോടതി ജഡ്ജിമാർക്ക് പുതിയ വാഹനം വാങ്ങാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ് നോട്ടിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും, ജയരാജന് പുതിയ കാർ എന്ന അതേ ദിവസം തന്നെ കൈകൊണ്ട തീരുമാനം സർക്കാർ പ്രസ് നോട്ടിൽ ഉൾപ്പെടുത്തിയിരുന്നില്ല എന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.
ഹൈക്കോടതി ജഡ്ജിമാർക്കായി 11 കാറുകളാണ് രജിസ്ട്രാർ സർക്കാരിനോട് ആവശ്യപ്പെട്ടത്. മാർച്ച്-ഏപ്രിൽ മാസത്തിൽ 7 കാറുകൾക്ക് സർക്കാർ അനുമതി നൽകുകയും ചെയ്തു. എന്നാൽ 4 വാഹനങ്ങൾ വാങ്ങാനുള്ള അനുമതി കൂടി ലഭിക്കേണ്ടതുണ്ടായിരുന്നു. സുപ്രിംകോടതി നാല് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് ഉയർത്തിയെന്നും, ഇവർക്ക് സഞ്ചരിക്കാൻ നാല് വാഹനം വേണമെന്നും ഹൈക്കോടതി രജിസ്ട്രാർ സർക്കാരിനെ ധരിപ്പിച്ചു. തുടർന്ന് ധനമന്ത്രാലയം 24 ലക്ഷം രൂപയുടെ വാഹനം വാങ്ങുവാനുള്ള തീരുമാനം കാബിനറ്റിന്റെ പരിഗണനയ്ക്കായി അയച്ചു. പിന്നാലെ കാബിനറ്റ് ഈ തുക 96 ലക്ഷമായി ഉയർത്തുകയായിരുന്നു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരജാന് 35 ലക്ഷം രൂപയുടെ കാർ കൂടി ഉൾപ്പെടുത്തിയാണ് ആകെ തുക 96 ലക്ഷത്തിലേക്ക് ഉയർത്തിയത്.
ഹോക്കോടതി ജഡ്ജിമാർക്ക് അനുവദിച്ചതിനേക്കാൾ 11 ലക്ഷം രൂപ അധികമാണ് ഖാദി ബോർഡ് വൈസ് ചെയർമാന്റെ വാഹനത്തിന്. പി.ജയരാജന്റെ ആരോഗ്യസ്ഥിതിയും സുരക്ഷാ പ്രശ്‌നവും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.