സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്, എന്നാൽ കാലാനുസൃതമായി വാഹനങ്ങൾ മാറ്റാതിരിക്കാൻ ആവില്ല’ ധനമന്ത്രി
തിരുവനന്തപുരം; ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന് 35 ലക്ഷം രൂപ ചെലവിട്ട് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നതിനെ ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ബാലഗോപാല്‍ രംഗത്ത്.സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയെന്നാൽ ഒന്നും പുതുതായി ചെയ്യില്ല എന്നല്ല..സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്.എന്നാൽ കാലാനുസൃതമായി വാഹനങ്ങൾ മാറ്റാതിരിക്കാൻ ആവില്ല.നിയന്ത്രങ്ങളോടെയാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്.ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിനെ പറ്റി തനിക്ക് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കാർ വാങ്ങുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി.
ഈ മാസം 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് ഇറക്കിയത്. പി ജയരാജന്‍റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് ഈ തീരുമാനം. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനം വാങ്ങുന്നതിന് നവംബർ നാലിന് ചീഫ് സെക്രട്ടറിയും നവംബർ ഒൻപതിന് ധനവകുപ്പും ഉത്തരവിറക്കിയിരുന്നു. ഇതിനിടയിലാണ് ഈ നീക്കം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ 4 കാറുകൾ ഹൈക്കോടതി ജഡ്ജിമാർക്ക് വേണ്ടി വാങ്ങാനും തീരുമാനിച്ചിരുന്നു.