പാല്‍ വില ലിറ്ററിന് 6 രൂപ കൂടും; ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
സംസ്ഥാനത്ത് പാല്‍ വില ലിറ്ററിന് ആറ് രൂപ കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. സര്‍ക്കാര്‍ ശുപാര്‍ശ ഭാഗികമായി അംഗീകരിച്ചെന്ന് മില്‍മ ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. ഡിസംബര്‍ ഒന്ന് മുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരിക.
വില വര്‍ധനവിന്റെ 83.75 ശതമാനം കര്‍ഷകന് നല്‍കുമെന്നും മില്‍മ വ്യക്തമാക്കി. ലിറ്ററിന് 5.025 രൂപ കര്‍ഷകന് ലഭിക്കും. വിതരണക്കാര്‍ക്കും ക്ഷീരസഹകരണസംഘങ്ങള്‍ക്കും 0.75 ശതമാനവും മില്‍മയ്ക്ക് 3.50 ശതമാനം പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് 0.50 ശതമാനം എന്നിങ്ങനെയാകും വര്‍ധിപ്പിച്ച തുക വീതിക്കുക.
പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചാണ് വില വര്‍ധിപ്പിക്കാനുള്ള നിലവിലെ തീരുമാനം.പാലക്കാട് കല്ലേപ്പുളളിയില്‍ ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗത്തില്‍ മില്‍മ പാല്‍ ലിറ്ററിന് 8 രൂപ 57 പൈസ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്.