Tuesday, April 15, 2025
Kerala

മെഡിക്കല്‍ കോളജുകളിലെ കാന്‍സര്‍ മരുന്നുകള്‍ക്ക് അനുവദിച്ചത് ഇരട്ടി തുക

സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളിലെ കാന്‍സര്‍ മരുന്നുകള്‍ക്ക് അനുവദിച്ച തുക ഇരട്ടിയാക്കിയിരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2021-22ല്‍ കാന്‍സര്‍ മരുന്നുകള്‍ വാങ്ങാന്‍ അനുവദിച്ച തുകയുടെ പരിധി 12,17,80,000 രൂപയായിരുന്നു. അത് 2022-23ല്‍ 25,42,46,000 രൂപയായാണ് ഉയര്‍ത്തി നല്‍കിയത്.

2023-24 വര്‍ഷത്തേയ്ക്കുള്ള തുകയും ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ കോളജുകളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ജീവിതശൈലീ രോഗ നിര്‍ണയ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന സ്‌ക്രീനിംഗില്‍ കാന്‍സര്‍ രോഗികളെ കൂടുതലായി കണ്ടെത്താന്‍ സാധ്യതയുണ്ട്. അതനുസരിച്ച് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തുക ഉയര്‍ത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

കാലാകാലങ്ങളില്‍ അവശ്യ മരുന്നുകള്‍ വാങ്ങുന്നതിനുള്ള പരിധി ഉയര്‍ത്തുന്നതിന് കെ.എം.എസ്.സി.എലിനോട് ആവശ്യപ്പെടാറുണ്ട്. മരുന്നുകളുടെ വില വര്‍ധനവും രോഗികളുടെ വര്‍ധനവും കണക്കിലെടുത്താണ് ഇത്തരത്തില്‍ പരിധി വര്‍ധനവ് ഓരോ വര്‍ഷവും ആവശ്യപ്പെടുന്നത്. കാന്‍സര്‍ മരുന്നുകളുടെ സാമ്പത്തിക പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് ഇത്തവണ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അയച്ച കത്തും ഒരു പതിവ് കത്ത് മാത്രമാണ്. ഇതിന് മുമ്പ് ജനറല്‍, എസന്‍ഷ്യല്‍ മരുന്നുകളുടെ കൂടെയാണ് കാന്‍സര്‍ മരുന്നുകള്‍ക്കുള്ള തുകയും നല്‍കിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് കാന്‍സര്‍ മരുന്നുകള്‍ക്കായി പ്രത്യേക ഫണ്ട് അനുവദിച്ച് തുക ഇരട്ടിയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *