Tuesday, April 15, 2025
Kerala

‘ഇത് കേരളാ മോഡൽ’, ദിവസവേതനം ഏറ്റവും കൂടുതൽ കേരളത്തിൽ

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ കേരളം ഒന്നാമത്. നിർമാണത്തൊഴിലാളികൾക്ക് ഏറ്റവും കുറച്ച് വരുമാനം കിട്ടുന്ന ത്രിപുര, മധ്യപ്രദേശ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് കേരളത്തിലെ കൂലി. ജമ്മു കാശ്മീർ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പുറകിലുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിൽ.

കേരളത്തിൽ ഒരു നിർമാണത്തൊഴിലാളിയ്ക്ക് ശരാശരി 837.3 രൂപ കൂലി ലഭിക്കുന്നുണ്ടെന്നാണ് റിസർവ് ബാങ്കിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിനു പുറത്ത് 500 രൂപയിലധികം ദിവസക്കൂലി ലഭിക്കുന്ന ഒരേയൊരു സംസ്ഥാനം ജമ്മു കശ്മീർ മാത്രമാണ് – 519 രൂപ. തമിഴ്നാട്ടിൽ 478 രൂപയും ആന്ധ്രാ പ്രദേശിൽ 409 രൂപയുമാണ് നിർമാണത്തൊഴിലിന് ഒരു ദിവസം ശരാശരി കൂലി. മഹാരാഷ്ട്രയിൽ 362 രൂപയും ത്രിപുരയിൽ 250 രൂപയും മധ്യപ്രദേശിൽ 267 രൂപയും ഗുജറാത്തിൽ 296 രൂപയുമാണ് ഒരാളുടെ ദിവസക്കൂലി.

നിർമാണ തൊഴിലുകൾ കൂടാതെ കാർഷിക, കാർഷികേതര കണക്കുകളിലും കേരളവും ഹിമാചൽ പ്രദേശുമാണ് മുൻ പന്തിയിൽ. ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്കും ദിവസവേതനം നൽകുന്നതിൽ കേരളമാണ് മുന്നിൽ. കേരളത്തിലെ ഗ്രാമങ്ങളിൽ ഒരു തൊഴിലാളിയ്ക്ക് 681.8 രൂപയാണ് ദിവസവേതനം ലഭിക്കുന്നത്. അതേസമയം വ്യവസായവത്കരണത്തിലും വളർച്ചയിലും കേരളം പിന്നിലാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

വ്യവസായവത്കൃത സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ ഗുജറാത്തും മഹാരാഷ്ട്രയും മധ്യപ്രദേശും ആണ്. 2020ലെ കണക്കുകൾ പ്രകാരം ഏറ്റവുമധികം ഫിക്സഡ് ക്യാപിറ്റൽ സമാഹരിച്ച സംസ്ഥാനം ഗുജറാത്താണ്. ഒരു വർഷം കൊണ്ട് 72,000 കോടിയുടെ നിക്ഷേപം സമാഹരിച്ച ഗുജറാത്തിനു തൊട്ടുപിന്നിൽ 69,900 കോടിയുമായി മഹാരാഷ്ട്രയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *