ബസ് വെള്ളക്കെട്ടിൽ ഇറക്കിയതിൽ കെഎസ്ആർടിസിക്ക് നഷ്ടം 5.33 ലക്ഷം; ഡ്രൈവർക്കെതിരെ കേസെടുത്തു
കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയതിൽ കെഎസ്ആർടിസിക്ക് 5,33,000 രൂപ നഷ്ടമുണ്ടായതായി പരാതി. സംഭവത്തിൽ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്തു. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഡ്രൈവർ വെള്ളക്കെട്ടിൽ ഇറക്കിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഇരാറ്റുപ്പേട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി എന്നാരോപിച്ച് ജയദീപിനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.
ജയദീപിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ഗതാഗത വകുപ്പ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജയദീപിനോട് വിശദീകരണം തേടിയിരിക്കുകയാണ്.