വെള്ളക്കെട്ടിൽ കെ.എസ്.ആർ.ടി.സി ഇറക്കിയ സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും
പാലായിൽ കെ.എസ്.ആർ.ടി.സി. ബസ് വെള്ളത്തിൽ അപകടകരമായ രീതിയിൽ ഓടിച്ച സംഭവത്തിൽ ഡ്രൈവർ ജയദീപ് എസിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. മോട്ടോർ വാഹന വകുപ്പ് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈരാറ്റുപേട്ടയിൽ വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചതിന്റെ പേരിൽ ജയദീപന് സസ്പെൻഷൻ കിട്ടിയിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശ പ്രകാരം കെഎസ്ആർടിസി എംഡിയാണ് ജയദീപനെ സസ്പെന്റ് ചെയ്തിരുന്നത്. ഒരാൾ പൊക്കത്തിലുള്ള വെള്ളക്കെട്ടിൽ മുക്കാൽ ഭാഗവും മുങ്ങിയ ബസ്സിൽ നിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് വലിച്ച് കരക്ക് കയറ്റി. അശാസ്ത്രീയമായ തടയണയാണ് ഇവിടെ വെള്ളം കയറാൻ കാരണം.
സസ്പെൻഷനിലായ ശേഷം ഇയാൾ കെഎസ്ആർടിസിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ബസ് മുങ്ങിയ പത്ര വാർത്തയോടപ്പമാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. സസ്പെൻഷൻ ലഭിച്ചത് തബലകൊട്ടി ആഘോഷിച്ചതും ജയദീപ് പങ്കുവച്ചിരുന്നു. ആളുകളെ ജീവൻ രക്ഷിക്കാനാണ് താൻ ശ്രമിച്ചത്. തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലെന്നും സംഭവ സമയത്തെ വീഡിയോ പങ്കുവെച്ച് ജയദീപ് കുറിച്ചിരുന്നു.