Thursday, January 2, 2025
Kerala

വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൂജവെയ്പ്പ്, വിദ്യാരംഭം തുടങ്ങിയവയില്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആള്‍ക്കൂട്ടങ്ങളിലൂടെ കൊവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഈ പൂജാനാളുകളില്‍ ഏറെ ജാഗ്രത വേണം.

ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥയാണുള്ളത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കൊവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തിക്കുമെന്നാണ് നമ്മുടെ അനുഭവം. അതിനാല്‍ തന്നെ വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന എല്ലാവരും സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

മുമ്പുള്ള പൂജാ ദിനങ്ങള്‍ പോലെയല്ല ഇത്തവണത്തേത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും കൊവിഡ് ഭീഷണിയിലാണ്. ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം കുറവുള്ള ജില്ലകളില്‍ പോലും 60 വയസിന് മുകളിലുള്ളവരില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഈ സാഹചര്യത്തില്‍ പൂജവയ്പ്പ്, വിദ്യാരംഭം ചടങ്ങുളോടനുബന്ധിച്ചുള്ള ഒത്തുകൂടലുകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നവരാത്രി ഉത്സവ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്.

വിദ്യാരംഭവും ബൊമ്മഗൊലുവുമായും ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങള്‍ ചേര്‍ന്നുള്ള സുരക്ഷിതമായ ക്ലസ്റ്ററുകളിലോ മാത്രമേ നടത്താന്‍ പാടുള്ളൂ.രോഗലക്ഷണങ്ങളുള്ള കുട്ടികളുണ്ടെങ്കില്‍ അവരെ വീട്ടില്‍ മാത്രം എഴുത്തിനിരുത്തുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കോ മറ്റ് സംശയങ്ങള്‍ക്കോ ദിശ 1056 ല്‍ വിളിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു. പനി, തൊണ്ടവേദന, ജലദോഷം, മൂക്കൊലിപ്പ്, ചുമ, മണമില്ലായ്മ, രുചിയില്ലായ്മ, ക്ഷീണം എന്നീ രോഗ ലക്ഷങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ചടങ്ങളുകളില്‍ പങ്കെടുക്കരുത്

Leave a Reply

Your email address will not be published. Required fields are marked *