Saturday, October 19, 2024
Kerala

സർക്കാർ ചിലവിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം നടത്തരുത്: കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ചിലവിൽ ഇടതുപക്ഷം രാഷ്ട്രീയ പ്രചരണം നടത്തരുതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മുഖച്ഛായ നഷ്ടമായത് തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇത്തരമൊരു രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായതെന്നും വിമർശനം.

അഴിമതി ആരോപണങ്ങൾക്ക് മറപടി പറയാതെ പൊതു ഖജനാവിലെ കോടികൾ പൊടിച്ച് ഷോ നടത്തിയത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവും പിണറായിക്കും സംഘത്തിനും ലഭിക്കില്ല. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും വൻകിട മുതലാളിമാരെ കണ്ട് ഫണ്ട് ശേഖരിക്കുകയാണ് യാത്രയിലൂടെ ഉന്നമിടുന്നത്. ദേശീയതലത്തിലെ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കേരളത്തിൽ നിന്നും ലഭിക്കുന്ന ഫണ്ട് കൂടിയേതീരൂ. സാധാരണക്കാരായ ജനങ്ങളോട് സംവദിക്കാനാണ് മണ്ഡലം യാത്ര എന്ന് പറയുന്നത് വെറും തട്ടിപ്പാണ്. സംസ്ഥാനത്തെ ജനങ്ങൾ നികുതി വർദ്ധനവും വിലക്കയറ്റവും കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. ആദ്യം സർക്കാർ വർദ്ധിപ്പിച്ച നികുതികൾ വെട്ടികുറയ്ക്കണം. അതിന് ശേഷം വിലക്കയറ്റം നിയന്ത്രിക്കണം. അല്ലാതെ സമൂഹത്തിലെ വൻകിടക്കാരെ മാത്രം കാണാനായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ഷോ വെറും പ്രഹസനമാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ ഇത്തരമൊരു ധൂർത്ത് എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നതെന്ന് മനസിലാവുന്നില്ല. ഇടതുമുന്നണിയുടെ പണം ഉപയോഗിച്ചാണ് സർക്കാർ പ്രചരണം നടത്തേണ്ടത്. ഏഴരവർഷമായി ജനങ്ങൾക്ക് ദ്രോഹം മാത്രം ചെയ്യുന്ന സർക്കാർ എന്ത് ജനക്ഷേമ നയങ്ങൾ പ്രചരിപ്പിക്കാനാണ് യാത്ര നടത്തേണ്ടത്? സംസ്ഥാനത്ത് ഒരു വികസനവും കൊണ്ടുവരാത്ത പിണറായി സർക്കാർ എന്ത് വികസന നേട്ടമാണ് പ്രചരിപ്പിക്കുക? കേന്ദ്രസർക്കാർ നടപ്പിലാക്കിയ വികസനങ്ങളല്ലാതെ കേരളത്തിൽ ഒന്നുമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published.