Tuesday, January 7, 2025
Kerala

വിലക്കയറ്റം നിയന്ത്രിക്കാൻ ഓണ വിപിണിയിൽ സർക്കാർ ഇടപെടുന്നില്ല: കെ.സുരേന്ദ്രൻ

ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിപണി ഇടപെടലിന് 400 കോടി വേണ്ട സ്ഥാനത്ത് ധനവകുപ്പ് അനുവദിച്ച 70 കോടി ഒന്നിനും തികയില്ലെന്ന് വ്യക്തമാണ്. കരിഞ്ചന്തക്കാരെ സഹായിക്കാനാണ് സർക്കാർ സപ്ലൈകോയിൽ ഇടപെടൽ നടത്താത്തതെന്നും കെ.സുരേന്ദ്രൻ.

ഓണക്കാലത്ത് സൂപ്പർ സ്പെഷ്യൽ ചന്തകൾ നടത്തുമെന്ന് സപ്ലൈകോ പ്രഖ്യാപിച്ചത് ഇങ്ങനെ പോയാൽ വെറും തള്ള് മാത്രമായി മാറും. ഓണക്കാലത്ത് സബ്സിഡിക്ക് പോലും 80 കോടി രൂപയോളം വേണമെന്നിരിക്കെയാണ് വിപണി ഇടപെടലിന് വെറും 70 കോടി മാത്രം സർക്കാർ അനുവദിച്ചത്. ഓണാഘോഷത്തിന്റെ പേരിൽ കോടികൾ പൊടിക്കുന്ന സർക്കാർ അവശ്യസാധനങ്ങളുടെ വിലവർധനവിൽ ഇടപെടാത്തത് കടുത്ത ജനദ്രോഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

നിലവിൽ സപ്ലൈകോ എന്നത് ഒരു സാധനവും ഇല്ലാത്ത വെറും സ്വപ്നകച്ചവട കേന്ദ്രങ്ങൾ മാത്രമാണ്. എന്നാൽ കടം വാങ്ങിയിട്ടാണെങ്കിലും ഓണത്തിന് അവശ്യസാധനങ്ങൾ സപ്ലൈകോയിൽ എത്തിക്കുമെന്ന് നിയമസഭയിൽ ഭക്ഷ്യമന്ത്രി ഉറപ്പ് നൽകിയത് വെള്ളത്തിൽ വരച്ച വര പോലെയാവുമെന്നാണ് ജനങ്ങൾ ഭയക്കുന്നത്. ഇപ്പോൾ റെക്കോർഡ് വിലയാണ് സംസ്ഥാനത്ത് അവശ്യ സാധനങ്ങൾക്കുള്ളത്. ഓണത്തിന് ഇത് ഇരട്ടിയാകുമെന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *