Monday, January 6, 2025
Kerala

നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു, ചോദ്യം ചെയ്യും

 
കൊച്ചി:ശ്രീനാഥ് ഭാസിക്കെതിരെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ നടനെതിരെ കേസെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നടനെ ചോദ്യം ചെയ്യും. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിലെ ആരോപണം.

ചട്ടമ്പി എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്റെ ഭാ​ഗമായി ബുധനാഴ്ച എറണാകുളത്ത് സ്വകാര്യ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ചോദ്യം ഇഷ്ടപ്പെടാത്തത് മൂലം കാമറ ഓഫാക്കാന്‍ ആവശ്യപ്പെട്ട നടന്‍ മോശമായി സംസാരിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും ശ്രീനാഥ് സഹകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. മരട് പൊലീസിലും വനിത കമ്മീഷനിലുമാണ് യുവതി പരാതി നല്‍കിയത്.

അതിനിടെ ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി ഇന്ന് റിലീസിനെത്തും. കറിയ ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കുക വൈകിട്ട് ആറ് മണിക്കായിരിക്കും. 

പരാതിയിലെ പ്രസക്തഭാഗങ്ങൾ:

ആദ്യത്തെ ചോദ്യത്തിന് ഇയാൾ വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യമായ ‘വീട്ടിലാരാണ് ചട്ടമ്പി’ എന്നതിന് ഉത്തരം തന്നെങ്കിലും നിങ്ങള്‍ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഇത്തരത്തില്‍ ഇന്റര്‍വ്യൂവിന് ഇരിക്കാന്‍ താല്‍പ്പര്യമില്ലെന്നും പറയുകയുണ്ടായി. ഇപ്രകാരമുള്ള മറുപടി അന്ധാളിപ്പുണ്ടാക്കി എങ്കിലും ഞാനും എന്റെ സഹപ്രവര്‍ത്തകരും അഭിമുഖം തുടര്‍ന്നു. അടുത്ത ചോദ്യത്തോടുകൂടെ ഇയാൾ യാതൊരു പ്രകോപനവും മര്യാദയും പാലിക്കാതെ ഞാന്‍ സ്ത്രീയാണെന്നും ഒരിന്റര്‍വ്യൂ ആണ് നടക്കുന്നതെന്നും പരിഗണിക്കാതെ ഇതുപോലുള്ള …… ചോദ്യങ്ങള്‍ ചോദിക്കരുതെന്നും പറഞ്ഞ് ആക്രോശിക്കുകയും എന്നെ അപമാനിക്കാനും ഉപദ്രവിക്കാനുമായി ചാടിവരികയും ചെയ്തു.

 

ക്യാമറ ഓണ്‍ ആണെന്നുള്ള ബോധ്യം വന്നതിനാല്‍ അതിനു മുതിരാതെ ഞങ്ങളുടെ ക്യാമറാമാനോട് ക്യാമറ ഓഫ് ചെയ്യാന്‍ ആക്രോശിച്ചു. അതിനു ശേഷം ക്യാമറ ഓഫ് ചെയ്യടാ …. എന്നും പറഞ്ഞ് ക്യാമറ നിര്‍ബന്ധപൂര്‍വ്വം ഓഫ് ചെയ്തിപ്പിച്ചു. ക്യാമറ ഓഫ് ചെയ്തശേഷം ട യാതൊരു മാന്യതയും കൂടാതെ കേട്ടാല്‍ അറപ്പുളവാക്കുന്ന സഭ്യമല്ലാത്ത രീതിയില്‍ ഇയാൾ തെറിവിളിക്കുകയും ചെയ്തു. ഇതുകണ്ട് പ്രൊഡ്യൂസര്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി സര്‍, ഇതൊരു ‘ഫണ്‍ ഇന്റര്‍വ്യൂ ആണ്.. സഹകരിക്കണം’ എന്ന് പറഞ്ഞപ്പോള്‍ നിന്റെ …… എന്നായിരുന്നു മറുപടി.

മനോനില തെറ്റിയതുപോലെ നടൻ കൂടുതല്‍ അക്രമാസക്തനാവുകയാണ് ചെയ്തത്. കൂടാതെ ഞങ്ങളെ ഇയാൾ ……. എന്ന് വിളിക്കുകയും ഉണ്ടായി. യാതൊരു മാന്യതയും ഇല്ലാതെ പിന്നെയും …….തുടങ്ങിയ തെറികള്‍ എന്റേയും സഹപ്രവര്‍ത്തകരേയും വിളിച്ചുകൊണ്ടിരുന്നതിനാല്‍ അപമാനം സഹിക്ക വയ്യാതെയാണ് ഞങ്ങള്‍ ഹോട്ടലില്‍ നിന്നും തിരികെ പോന്നത്.

 

ഈ സംഭവം ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാല്‍ എന്നേയും സഹയർത്തകരെയും തെറി വിളിക്കുകയും സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ എന്നെ അപമാനിക്കണമെന്ന ഉദ്ദേശത്തില്‍ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാന്‍ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ടിയാന്‍ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച്‌ ഈ പ്രശ്‌നത്തിന് ഒരു തീര്‍പ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *