ദേശീയപാതയിലെ കുഴിയടക്കാൻ എൻ.എച്ച്.ഐയെ സഹായിക്കാം; മന്ത്രി പി.എ മുഹമ്മദ് റിയാസ്
ദേശീയപാതയിലെ കുഴിയടക്കാൻ സഹായം വാഗ്ദാനം ചെയ്ത് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എൻഎച്ച്ഐക്ക് നേരിട്ട് കുഴിയടക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ആവശ്യമായ ഫണ്ട് നൽകിയാൽ അറ്റകുറ്റപ്പണികൾ പി.ഡബ്ലിയു.ഡി പൂർത്തിയാക്കാമെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെ കോഴിക്കോട് വെങ്ങളം ബൈപാസിലെ കുഴി അടയ്ക്കൽ അശാസ്ത്രീയമാണെന്ന ആരോപണം ശക്തമാവുകയാണ്.
സംസ്ഥാനത്തെ ദേശീയ പാത നിർമ്മാണപുരോഗതി ഓരോ ജില്ലയിലും നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട്ടെ വിവിധ ഇടങ്ങളിൽ പൊതു മരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സന്ദർശനം നടത്തി. 2025 ഓടെ ദേശീയ പാത വികസനം പൂർത്തിയാക്കാനാണ് ആലോചന. ദേശീയ പാതയിലെ കുഴി അടക്കൽ ശാസ്ത്രീയ മാണെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രി വ്യക്തമാക്കി.
ദേശീയ പാത നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. ദേശീയ പാത അതോറിറ്റിയുടെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.