പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 323 പേര്‍ കരുതല്‍ തടങ്കലില്‍; 51ബസുകള്‍ക്ക് നേരെ അക്രമം
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പരക്കെ അക്രമം. 323 പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റിയില്‍ മാത്രം 14 പേര്‍ അറസ്സ്റ്റിലായി.
റൂറല്‍ ഡിവിഷനില്‍ എട്ട് പേര്‍ അറസ്റ്റിലായി. പൊതുമുതല്‍ നശിപ്പിച്ചതനാണ് നടപടി.
ഈരാറ്റുപേട്ടയിലെ സംഘര്‍ഷത്തില്‍ 87 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എറണാകുളത്ത് എംജി റോഡില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിച്ചതിന് അഞ്ച് പേര്‍ അറസ്റ്റിലായി
ഹര്‍ത്താല്‍ അനുകൂലികള്‍ 51 ബസുകള്‍ക്ക് നേരെ അക്രമം നടത്തിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസി ഇന്ന് 2439 സര്‍വീസുകളാണ് നടത്തിയത്. മൊത്തം സര്‍വീസിന്റെ 62 ശതമാനമാണ് ഇന്ന് നിരത്തിലിറങ്ങിയത്. കെഎസ്ആര്‍ടിസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ എട്ട് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റു. 30 ലക്ഷം രൂപയിലധികം നാശനഷ്ടമുണ്ടായതായി ഗതാഗതമന്ത്രി പറഞ്ഞു. നഷ്ടം സഹിച്ചാണെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെതിരെ കേസെടുത്തു. ഹര്‍ത്താലിനെതിരായ മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഹാജരാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കര്‍ശനമായ പൊലീസ് സുരക്ഷ ഉറപ്പാക്കാനും ഉത്തരവിട്ടു. പെട്ടെന്നുള്ള ഹര്‍ത്താലുകള്‍ക്കെതിരെ കോടതി ഉത്തരവുള്ള കാര്യം മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു