മട്ടന്നൂരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ബോംബിന്റെ ഉറവിടം കണ്ടെത്താനാകാതെ പൊലീസ്
കണ്ണൂർ മട്ടന്നൂർ ചാവശ്ശേരിയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ബോംബിന്റെ ഉറവിടം കണ്ടെത്താനാകാതെ പൊലീസ്. 16 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ല. അന്വേഷണം തുടരുന്നുവെന്നാണ് പോലീസ് വിശദീകരണം.
ആക്രി ശേഖരിക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചാണ് അസം സ്വദേശികളായ ഫസൽ ഹക്കും മകൻ ഷഹീദുളും കൊല്ലപ്പെട്ടത്. ബോംബിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഊർജിതമെന്നായിരുന്നു പോലീസ് വാദം. എന്നാൽ ബോംബ് വന്ന വഴി പോലീസ് ഇതുവരെ കണ്ടെത്തിയില്ല. ചാവശ്ശേരി – ഇരിട്ടി പാതയിൽ 15 ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രത്യേകിച്ച് ഒരു ഫലവും ഉണ്ടായില്ല. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പതിവുചടങ്ങ് പൂർത്തിയാക്കി മടങ്ങി. പാതിവഴിയിൽ അന്വേഷണം വഴിമുട്ടി.
ആളൊഴിഞ്ഞ പറമ്പുകളിൽ സൂക്ഷിക്കുന്ന ബോംബുകൾ കണ്ടെത്തുന്ന സംഭവങ്ങൾക്കും കുറവില്ല. പക്ഷേ ഉടമകളെ തേടി കണ്ണൂരിലെ പോലീസ് പോകുന്ന പതിവേയില്ല. ഉപജീവനം തേടി വന്ന രണ്ട് നിരപരാധികൾ കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ ഇരകളായി മാറിയത് ഇതാദ്യം. പക്ഷേ ആയുധ ശേഖരത്തിന്റെ ഉള്ളറകൾ പോലീസ് കണക്കിൽ അജ്ഞാതം. മുഴുവൻ സമയ സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വീടിനടുത്ത് ബോംബേറ് നടന്ന കേസിലും പ്രതികൾ ഇപ്പോഴും കാണാമറയത്ത് തന്നെ.