Sunday, April 13, 2025
Kerala

‘മാധ്യമത്തിനെതിരെ കടുത്ത നിലപാടെടുത്തത് ശരിയായില്ല’; കെ ടി ജലീലിനെ പൂർണമായി തള്ളി സിപിഎം

തിരുവനന്തപുരം: മാധ്യമം വിവാദത്തിൽ കെ ടി ജലീലിനെ പൂർണമായി തള്ളി സിപിഎം. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. മന്ത്രിയായിരിക്കുമ്പോൾ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് സിപിഎം വിലയിരുത്തുന്നു. അതേസമയം, പ്രോട്ടോകോൾ ലംഘനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.

മാധ്യമത്തിനെതിരെ കെ ടി ജലീൽ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. മാധ്യമം പത്രം നിരോധിക്കണമെന്ന നിലപാട് പാർട്ടിക്കില്ലെന്നും എല്ലാ എംഎൽഎമാരും മന്ത്രിമാരും കത്തെഴുതുന്നത് പാർട്ടിയോട് ആലോചിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന്റേതെന്നും കോടിയേരി വ്യക്തമാക്കി. ജലീലിന്‍റെ നടപടി തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് അങ്ങനെ വ്യാഖ്യാനിക്കേണ്ടെന്നും പാർട്ടി അഭിപ്രായം പറഞ്ഞ് കഴിഞ്ഞെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.

അതേസമയം, മാധ്യമം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നാണ് കെ ടി ജലീൽ പറയുന്നത്. ഗൾഫിൽ നിരവധി പേർ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാർത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാൻ ഒരു വാട്സ്ആപ്പ് മെസേജ് അന്നത്തെ കോൺസുൽ ജനറലിന്റെ പിഎക്ക് വാട്സ്ആപ്പിൽ മെസേജ് അയച്ചു. പത്രം നിരോധിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഈ കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തിയതല്ലാതെ മറ്റൊന്നും അതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്നും കോൺസുൽ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും കെ ടി ജലീൽ പറഞ്ഞു. ജീവിതത്തിൽ യൂത്ത് ലീഗിന്‍റെ സെക്രട്ടറിയായിരുന്ന കാലത്ത് ട്രാവൽ ഏജൻസി നടത്തിയതൊഴിച്ചാൽ മറ്റൊരു ബിസിനസിലും ഇന്നുവരെ താൻ പങ്കാളിയായിട്ടില്ല. ഗൾഫിലെന്നല്ല ലോകത്ത് എവിടെയും ബിസിനസോ ബിസിനസ് പങ്കാളിത്തമോയില്ല. നികുതി അടയ്ക്കാത്ത ഒരു രൂപ പോലും തന്‍റെ പക്കലില്ലെന്നുമാണ് കെ ടി ജലീൽ പറയുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *