യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍
ആന്‍ഡ്രോയിഡിനായി യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ ചേര്‍ക്കുന്നതിന്റെ സാധ്യത ഗൂഗിള്‍ പരിശോധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ആപ്‌കെ ഇന്‍സൈറ്റ് തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് പുതിയ അപ്‌ഡേറ്റിനെക്കുറിച്ചുള്ള പ്രവചനങ്ങളുള്ളത്. മുന്‍പ് തന്നെ ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ സ്ലീപ് ടൈമര്‍ ഫീച്ചര്‍ ഉണ്ടായിരുന്നു. ഇത് യൂട്യൂബിലേക്ക് കൂടി കൊണ്ടുവരുന്നതിനാണ് ഗൂഗിള്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലേ മ്യൂസിക്കില്‍ നിന്ന് വ്യത്യസ്തമായി യൂട്യൂബ് മ്യൂസിക്കിന്റെ പ്ലേ ബാക്ക് കണ്‍ട്രോള്‍ സെറ്റിംഗ്‌സില്‍ തന്നെ സ്ലീപ്പ് ടൈമര്‍ ഉണ്ടാകുമെന്നാണ് സൂചന.
പാട്ടുകള്‍ കേട്ടുകഴിഞ്ഞ് കൃത്യസമയത്ത് കേള്‍വിക്കാരെ ഉറങ്ങാന്‍ സഹായിക്കുന്ന ഫീച്ചറാണ് സ്ലീപ് ടൈമര്‍. എത്ര സമയം ആപ്പ് ഉപയോഗിക്കണമെന്നും ഏത് സമയത്ത് ഉറങ്ങണമെന്നും മുന്‍കൂട്ടി തീരുമാനിച്ച് നമ്മുക്ക് ടൈമര്‍ സെറ്റ് ചെയ്യാനുള്ള ഫീച്ചറാണ് വരാനിരിക്കുന്നത്. 30 മിനിറ്റ്, 45 മിനിറ്റ്, ഒരു മണിക്കൂര്‍, രണ്ട് മണിക്കൂര്‍ തുടങ്ങി നിരവധി ടൈം സ്ലോട്ടുകള്‍ ഇതിനായി തെരഞ്ഞെടുക്കാം. നമ്മള്‍ പ്ലേ ചെയ്ത മ്യൂസിക്ക് ഈ സമയപരിധി കഴിയുമ്പോള്‍ താനേ അവസാനിക്കും.
നിലവില്‍ നിരവധി മ്യൂസിക്ക് ആപ്പുകള്‍ക്ക് സ്ലീപ് ടൈമിംഗ് ഫീച്ചറുണ്ട്. ഈ ഫീച്ചര്‍ ഡിവൈസിന്റെ ബാറ്ററിയ്ക്കും ഉപയോക്താക്കളുടെ ഉറക്കത്തിന്റെ പാറ്റേണ്‍ മെച്ചപ്പെടുത്താനും ഗുണം ചെയ്യും.