Saturday, January 4, 2025
Kerala

പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ല; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

 

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി ബില്ലില്‍ സംസ്ഥാനത്തിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി ചില ഘട്ടങ്ങളിലായി പൗരത്വനിയമം നടപ്പിലാക്കുമെന്ന രീതിയില്‍ പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്തെ ചിലയിടങ്ങളില്‍ നിയമം നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ച നിലയുമുണ്ട്. പക്ഷേ അപ്പോഴെല്ലാം ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത് ഇവിടെ അത് നടപ്പിലാക്കാന്‍ പോകുന്നില്ല എന്നാണ് കേരളം ഉറപ്പിച്ചുപറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പൗരത്വനിയമവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൗരത്വ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നെന്ന പ്രചാരണം ഒരിടവേളയ്ക്കുശേഷം സജീവമാകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനങ്ങളില്‍ ഒരു തടങ്കല്‍ പാളയമെങ്കിലും നിര്‍മ്മിക്കണമെന്ന് നിര്‍ദേശിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ 2014-ലാണ് പുറത്തുവന്നത്. ഇതുപ്രകാരം ചില സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുകയും മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലും ഇത്തരം തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ടു പുറത്തുവന്നിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വലിയ രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അന്ന് ഈ പ്രചാരണം തള്ളിയ സര്‍ക്കാര്‍ കേരളത്തില്‍ അത്തരം ക്യാമ്പുകള്‍ നിര്‍മ്മിക്കില്ലെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ അടുത്തിടെ പൗരത്വഭേദഗതി ബില്ല് നടപ്പിലാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായതിന് പിന്നാലെ തിരുവനന്തപുരത്ത് ക്യാമ്പ് നിര്‍മ്മിച്ചെന്നടക്കം അഭ്യൂഹങ്ങളുണ്ടായി.

ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

 

Leave a Reply

Your email address will not be published. Required fields are marked *