മലപ്പുറത്ത് പീഡന പരാതി നൽകിയതിന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്
മലപ്പുറം: കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ ഗാർഹി പീഡന/സ്ത്രീധന പീഡനത്തെ തുടർന്ന് അഞ്ചിലധികം പെൺകുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഓരോ റിപ്പോർട്ട് വരുമ്പോഴും സ്ത്രീകൾ പരാതി നൽകാത്തതെന്തെന്ന ചോദ്യമാണ് നിരവധിയിടങ്ങളിൽ നിന്നുമുയർന്നത്. എന്നാൽ പരാതി നൽകിയാലും സ്ത്രീകളുടെ ജീവിതത്തിനു യാതൊരു സുരക്ഷയുമില്ലെന്ന് വ്യക്തമാകുന്ന ഞെട്ടിക്കുന്ന സംഭവമാണ് മലപ്പുറത്ത് നിന്നും പുറത്തുവരുന്നത്.
ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. മലപ്പുറം വഴിക്കടവിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മലപ്പുറം വഴിക്കടവ് സ്വദേശി മുഹമ്മദ് സലിം എന്നയാളാണ് ഭാര്യയെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഭാര്യ സീനത്ത് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് സീനത്ത് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയത്. പോലീസ് വിളിച്ച് മുഹമ്മദ് അലിയെ ചോദ്യം ചെയ്തിരുന്നു. മുന്നറിയിപ്പ് നൽകി വിട്ടയച്ചെങ്കിലും ഇയാൾ വീട്ടിലെത്തി ഭാര്യയുമായി ഇതിനെ ചൊല്ലി വഴക്കുണ്ടാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ശേഷം കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.