ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അവസാന ദിനം ആവേശകരമായ അന്ത്യത്തിലേക്ക്. സമനിലയ്ക്കായി ഇന്ത്യയും ജയമുറപ്പിക്കാൻ ന്യൂസിലാൻഡും പൊരുതുകയാണ്. രണ്ടാമിന്നിംഗ്‌സ് തുടരുന്ന ഇന്ത്യ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിലാണ്
ഇന്ത്യക്ക് നിലവിൽ 98 റൺസിന്റെ ലീഡുണ്ട്. നായകൻ കോഹ്ലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്. നിലവിൽ ജഡേജയും റിഷഭ് പന്തുമാണ് ക്രീസിൽ. റിസർവ് ദിനമായ ഇന്ന് കളി ആരംഭിച്ചതിന് പിന്നാലെ 13 റൺസെടുത്ത കോഹ്ലിയെ ഇന്ത്യക്ക് നഷ്ടപ്പെട്ടു
സ്‌കോർ 71ലാണ് കോഹ്ലി വീണത്. ഒരു റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും 15 റൺസെടുത്ത പൂജാരയും വീണു. രഹാനെയും റിഷഭ് പന്തും സ്‌കോർ 100 കടത്തി. ഇരുവരും ക്രീസിൽ ഉറച്ചുവെന്ന തോന്നലുണ്ടായപ്പോഴാണ് രഹാനെ പുറത്താകുന്നത്. 15 റൺസാണ് രഹാനെയുടെ സമ്പാദ്യം
പിന്നീട് ജഡേജയും പന്തും ചേർന്ന് സ്‌കോറിംഗിന്റെ വേഗത വർധിപ്പിക്കുകയായിരുന്നു. 10 പന്തിൽ 12 റൺസുമായാണ് ജഡേജ ക്രീസിൽ നിൽക്കുന്നത്. പന്ത് 28 റൺസ് എടുത്തിട്ടുണ്ട്. ന്യൂസിലാൻഡിനായി ടിം സൗത്തി, കെയ്ൽ ജമീസൺ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ട്രെൻഡ് ബോൾട്ട് ഒരു വിക്കറ്റെടുത്തു.