Saturday, January 4, 2025
Kerala

പുതിയ ജിഎസ്‍ടി നിലവിൽ വന്നു, സംസ്ഥാനത്ത് ആശയക്കുഴപ്പം; നികുതി വർധന പിൻവലിക്കണമെന്ന് കെ.എൻ.ബാലഗോപാൽ 

തിരുവനന്തപുരം: പാക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്‍ടി ഈടാക്കുന്നതിൽ സംസ്ഥാനത്ത് അടിമുടി ആശയക്കുഴപ്പം. കേരളത്തിൽ ഭൂരിപക്ഷം ഉത്പനങ്ങളും പഴയ വിലയിൽ തന്നെയാണ് ഇന്ന് വിൽപന നടത്തിയത്.നിത്യോപയോഗ ഉത്പന്നങ്ങളുടെ മേൽ ഉള്ള നികുതി വർധന പിൻവലിക്കണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു.

ജിഎസ്‍ടി മാറ്റം നിലവിൽ വന്നെങ്കിലും ഏതൊക്കെ ഭക്ഷ്യോത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്‍ടി എന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. കടകളിൽ നിലവിൽ സ്റ്റോക്കുള്ള ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ചില്ലറയായി തൂക്കി വിറ്റാൽ നികുതി കുറയുമോ എന്ന സംശയം പലർക്കും ഉണ്ട്.  സോഫ്റ്റ്‍വെയറിൽ മാറ്റം വരാത്തതും പ്രതിസന്ധിയാണ്. അരി, പരിപ്പ്, പയർ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതിൽ കടുത്ത ആശങ്കയാണ് ഉയരുന്നത്.

അതേസമയം, മിൽമ, തൈര് പുതുക്കിയ വിലയിൽ വിൽപന തുടങ്ങി. മൂന്ന് മുതൽ അഞ്ച് രൂപ വരെയാണ് മിൽമ കൂട്ടിയത്.  25 കിലോയ്ക്ക് മുകളിലുള്ള പായ്ക്ക്ഡ് ഭക്ഷ്യോത്പനങ്ങൾ പുതിയ ജിഎസ്ടിയുടെ പരിധിയിൽ ഇല്ലെന്ന് ജിഎസ്‍ടി വകുപ്പ് അറിയിച്ചിട്ടുണ്ട്. ചില്ലറയായി വിൽക്കുന്ന ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയന്ന പരാതി കിട്ടിയാൽ കർശന നടപടിയുണ്ടാകുമെന്നാണ് ജിഎസ്‍ടി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ജിഎസ്‍ടി കൗൺസിലിൽ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായാണ് നികുതി പരിഷ്കരണം എന്നാണ് ധനമന്ത്രി പറയുന്നത് . 

 

Leave a Reply

Your email address will not be published. Required fields are marked *