ഫിറ്റ്‌നസ് ബസുകള്‍ പര്യടനമാരംഭിച്ചു; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് കാമ്പയിൻ തുടക്കമായി. കാമ്പയിൻ്റെ ഭാഗമായുള്ള ഫിറ്റ്‌നസ് ബസുകളുടെ പര്യടനം ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫിറ്റ്‌നസ് ബസുകളുടെ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു.
വിദ്യാർത്ഥികളുടെ ആരോഗ്യവും കായിക ക്ഷമതയും പരിശോധിക്കുക, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കാമ്പയിൻ ആരംഭിക്കുന്നത്. തിരുവനന്തപുരം വലിയതുറ ജിആര്‍എഫ്ടി ആന്‍ഡ് വിഎച്ച്എസ്എസില്‍ നിന്നാണ് ഫിറ്റ്‌നസ് ബസുകളുടെ പര്യടനം തുടങ്ങിയത്.
അഞ്ചു റൂട്ടുകളിലായി അഞ്ചു ഫിറ്റ്‌നസ് ബസുകള്‍ 14 ജില്ലകളിലും പര്യടനം നടത്തും. റൂട്ട് ഒന്നില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പര്യടനം മാര്‍ച്ച് രണ്ടു വരെ തുടരും. റൂട്ട് രണ്ടില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. റൂട്ട് രണ്ടിന്റെ പര്യടനം ഈ മാസം 27നാരംഭിച്ച് മാര്‍ച്ച് അഞ്ചിനു സമാപിക്കും. ഈ മാസം 27നാരംഭിക്കുന്ന റൂട്ട് മൂന്നിന്റെ പര്യടനം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ പിന്നിട്ട് മാര്‍ച്ച് മൂന്നിനു സമാപിക്കും.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റൂട്ട് നാലിലെ ഫിറ്റ്‌നസ് ബസ് പര്യടനം നടത്തുന്നത്. ഈ മാസം 27ന് കോഴിക്കോട് നിന്നാരംഭിച്ച് മാര്‍ച്ച് ആറിനു കാസര്‍ഗോഡ് സമാപിക്കും. മലപ്പുറം, വയനാട് ജില്ലകള്‍ക്കു വേണ്ടിയുള്ള റൂട്ട് അഞ്ചിലെ ഫിറ്റ്‌നസ് ബസ് ഈ മാസം 27ന് മലപ്പുറത്തു നിന്നു പുറപ്പെട്ട് മാര്‍ച്ച് ഒന്‍പതിന് വയനാട്ടില്‍ പര്യടനമവസാനിപ്പിക്കും.
കായിക യുവജനക കാര്യാലയത്തിനും പൊതു വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് വകുപ്പിനും പട്ടികജാതി- പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകള്‍ക്കും കീഴില്‍ വരുന്ന തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് ഫിറ്റ്‌നസ് ബസുകളെത്തുക. ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിന്നായി 12 നും 17 നും ഇടയില്‍ പ്രായമുള്ള പതിനായിരം കുട്ടികളായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കള്‍. ഒരു ബസില്‍ 200 കുട്ടികള്‍ എന്ന രീതിയില്‍ പ്രതിദിനം ആയിരം കൂട്ടികളുടെ കായികക്ഷമതാ പരിശോധന നടത്തും.