കെപിഎസി ലളിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി
മലയാള സിനിമയുടെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.