ദിലീപും കൂട്ടുപ്രതികളും ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും. ദിലീപ് അടക്കം അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് നിർദേശിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ
ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് പ്രതികൾ. അന്വേഷണ സംഘത്തിന് മൂന്ന് ദിവസം ദിലീപിനെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു.
കേസിൽ 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കണം. എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.