വിതുരയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ; ജീവനറ്റ അമ്മയുടെ അരികില്‍ നിന്ന് മാറാതെ കുട്ടിയാന
വിതുരയ്ക്ക് അടുത്ത് കല്ലാറിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വനാതിര്‍ത്തിയോട് ചേര്‍ന്ന 26-ാം മൈലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്നാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനയുടെ മരണകാരണം വ്യക്തമല്ല. പുറത്ത് പരിക്കേറ്റ പാടുകളൊന്നുമില്ല. പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ ആന എങ്ങനെ ചെരിഞ്ഞുവെന്ന് വ്യക്തമാവൂ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ന് രാവിലെ ഇവിടെ റബ്ബർ വെട്ടാൻ എത്തിയവരാണ് ആനയേയും കുട്ടിയാനയേയും കണ്ടത്. പത്ത് വയസ്സോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. ആനയുടെ അടുത്ത് കുട്ടിയാന നിലയുറപ്പിച്ചിരിക്കുകയാണ് . കുട്ടിയാനയെ കൂടാതെ വേറെ ആനകളുടെ സാന്നിധ്യമൊന്നും പ്രദേശത്ത് തിരിച്ചറിയാനായിട്ടില്ല.
ജീവൻ നഷ്ടമായ തള്ളയാനയുടെ അടുത്ത് കുട്ടിയാന മണിക്കൂറുകളായി നിൽക്കുകയണ്. കുട്ടിയാനയെ സ്ഥലത്ത് മാറ്റിയാൽ മാത്രമേ വനംവകുപ്പിന് പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടക്കാൻ സാധിക്കൂ. കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് കുട്ടിയാനയെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.