ബഫർ സോൺ; ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ
പരിസ്ഥിതി ലോല മേഖലയിലെ സീറോ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സർക്കാർ വെബ്സൈറ്റിൽ ഭൂപടം പ്രസിദ്ധീകരിച്ചത്. പഞ്ചായത്ത് ഓഫീസുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഉടൻ ഭൂപടം ലഭ്യമാക്കും. ഇതിന്മേലുള്ള പരാതികൾ ഫീൽഡ് വെരിഫിക്കേഷനിലൂടെ പരിഹരിച്ച് എത്രയും വേഗം റിപ്പോർട്ട് തയ്യാറാക്കാനാണ് സർക്കാർ ശ്രമം.
ഫീൽഡ് സർവേ നടപടിക്കുള്ള വിശദമായ സർക്കുലർ തദ്ദേശ വകുപ്പ് ഇന്ന് പുറത്തിറക്കും. ഇതിലൂടെ വാർഡ് തല സമിതിയുടെ പ്രവർത്തനങ്ങളിലും നടപടിക്രമങ്ങളിലും വ്യക്തത വരുത്തും. ബഫർസോൺ പ്രതിഷേധങ്ങൾക്ക് ഇന്നലെ മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞതോടെ വിഷയത്തിൽ രാഷ്ട്രീയ തർക്കവും കനക്കും.
ബഫർസോൺ വേണമെന്നത് കോൺഗ്രസ് നിലപാടാണെന്ന ആരോപണത്തിന് ഇന്ന് പ്രതിപക്ഷനേതാക്കൾ മറുപടി നൽകും. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും എൽഡിഎഫ് നേതാക്കളും കോൺഗ്രസിനെതിരെ ആരോപണം ശക്തമാക്കും.