നഷ്ടപ്പെട്ടത് ശ്രദ്ധേയനായ പാർലമെന്റേറിയനെ; പി ടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
നഷ്ടപ്പെട്ടത് ശ്രദ്ധേയനായ പാർലമെന്റേറിയനെ; പി ടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തി നിയമസഭക്ക് അകത്തും പുറത്തും വിഷയങ്ങൾ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു പി ടി തോമസ്. ശ്രദ്ധേയനായ പാർലമെന്റേറിയനെയാണ് പിടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോൺഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാ നഷ്ടത്തിന്റെ ദിനമാണ് ഇന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എനിക്ക് വ്യക്തിപരമായി ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കോൺഗ്രസ് പോരാളി…. എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകൾ ഞാൻ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു.
പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുൻനിർത്തി ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയർന്നപ്പോഴും താൻ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി… വിയോഗ വാർത്ത വിശ്വസിക്കാനാകുന്നില്ല… പ്രണാമം….’ എന്നും സതീശൻ കൂട്ടിച്ചേർത്തു.