ശബരിമല സ്‌പെഷ്യൽ ട്രെയിനുകളിൽ അമിത ടിക്കറ്റ് നിരക്ക്; കേന്ദ്രത്തെ എതിർപ്പ് അറിയിച്ച് കേരളം
ശബരിമല സ്‌പെഷ്യൽ ട്രെയിനുകളിൽ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന തീരുമാനം റെയിൽവേ പിൻവലിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. അമിത ടിക്കറ്റ് നിരക്ക് കൊടിയ ചൂഷണമാണെന്ന് മന്ത്രി മന്ത്രി വി. അബ്ദുറഹ്മാൻ പറയുന്നു.
ഹൈദരബാദ് – കോട്ടയം യാത്രയ്ക്ക് 590 രൂപയാണ് സ്ലീപ്പർ നിരക്ക്. എന്നാൽ, ശബരി സ്‌പെഷ്യൽ ട്രെയിൻ നിരക്ക് 795 രൂപയാണ്. 205 രൂപയാണ് അധികമായി ഈടാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജാതി-മത ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും എത്തുന്ന രാജ്യത്തെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. ഒരു തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തുന്ന വിശുദ്ധ യാത്രയെ കച്ചവടക്കണ്ണോടെ കാണുന്നത് ശരിയല്ല.
സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ് ശബരിമല തീർത്ഥാടനത്തിന് പ്രധാനമായും ട്രെയിനെ ആശ്രയിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് തീർത്ഥാടന കാലത്ത് ശബരിമലയിലെത്തുന്നത്. വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ കത്തിൽ ആവശ്യപ്പെട്ടു.