Tuesday, January 7, 2025
Kerala

തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും

സംസ്ഥാനത്ത് മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. സിനിമ സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി.

വിനോദ നികുതിയിൽ ഇളവ് നൽകാനും വൈദ്യുതി ചാര്‍‌ജിന് സാവകാശം നൽകാനും തീരുമാനമായി. തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും. ഇതരഭാഷ സിനിമളായിരിക്കും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തും. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും. കാവല്‍, അജഗജാന്തരം, കുറുപ്പ്, ഭീമന്‍റെ വഴി, മിഷന്‍ സി, സ്റ്റാര്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് ആദ്യം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. രജനീകാന്തിന്‍റെ അണ്ണാത്തെ, വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നീ ഇതരഭാഷാ ചിത്രങ്ങളും കേരളത്തിലെ തിയറ്ററുകളിലുമെത്തും.

വിനോദ നികുതിയിൽ ഇളവ് നൽകണം, തിയറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ സർക്കാരിന് മുന്നിൽ ഉന്നയിച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 25നു അടച്ച തിയറ്ററുകൾ ആറുമാസത്തിനു ശേഷം ആണ് വീണ്ടും തുറക്കുന്നത്. 50 ശതമാനം പ്രവേശനത്തിന് മാത്രമാണ് അനുമതി.

Leave a Reply

Your email address will not be published. Required fields are marked *