സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. ചക്രവാത ചുഴിയെ തുടര്‍ന്നുള്ള മഴ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് അധിക മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴിക്ക് കുറഞ്ഞു. ഇതോടെയാണ് ഇടുക്കി ഡാമിലെ തുറന്ന മൂന്ന് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചത്. 2,4 ഷട്ടറുകളാണ് അടച്ചത്. മൂന്നാമത്തെ ഷട്ടര്‍ 40 സെന്‍റിമീറ്ററാക്കി ഉയര്‍ത്തി. സെക്കന്‍ഡില്‍ നാല്‍പതിനായിരം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. തെക്കന്‍ തമിഴ്നാട് തീരത്ത് രൂപം കൊണ്ട് ചക്രവാതചുഴിയെ തുടര്‍ന്ന് മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്‍റെ സ്വാധീനത്താല്‍ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടി മിന്നലും കാറ്റും ഉണ്ടാവും.
അടുത്ത ആഴ്ച കാസര്‍കോട്,കണ്ണൂര്‍,മലപ്പുറം,തൃശൂര്‍,എറണാകുളം ജില്ലകളിലെ തീരദേശ മേഖല ഒഴികെയുള്ളയിടത്ത് അധിക മഴ ലഭിക്കും. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെ വയനാട് ജില്ലയിലും കണ്ണൂര്‍,കോഴിക്കോട്,പാലക്കാട്,മലപ്പുറം ജില്ലകളിലെ മലയോര മേഖല ഒഴികെയുള്ള പ്രദേശങ്ങളിലും ഇത്തരത്തില്‍ അധിക മഴ ലഭിക്കും.