കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികഞെരുക്കത്തിലായ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി പച്ചക്കറി വില
കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികഞെരുക്കത്തിലായ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി പച്ചക്കറി വില. തമിഴ്‌നാട്ടിലെ ചന്തകളിൽ പച്ചക്കറികൾക്ക് നേരിടുന്ന ക്ഷാമമാണ് ഹൈറേഞ്ചിലെ പച്ചക്കറിവിലയിലും പ്രതിഫലിച്ചിരിക്കുന്നത്. വരുമാനത്തിലുണ്ടായ ഇടിവും തൊഴിലില്ലായ്മയും നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും ഇടത്തരക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്.
ഉള്ളി, സവാള, ബീൻസ്, കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില ദിവസേനയാണ് കുതിക്കുന്നത്. വില പിടിച്ചുനിർത്താൻ വിപണിയിൽ സർക്കാർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോവിഡ് സമ്പർക്കവിലക്ക് കാലത്ത് പച്ചക്കറിക്ക് ഉണ്ടായിരുന്ന വിലയുടെ മൂന്നിരിട്ടിയിലേറെയാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ചയ്ക്കിടെയാണ് വില ക്രമാതീതമായി വർധിച്ചത്.
ഇടനിലക്കാർ അമിതലാഭം ഈടാക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. സാധങ്ങൾ മറ്റെങ്ങും കിട്ടാത്ത സാഹചര്യത്തിൽ ഇടനിലക്കാർ പറയുന്ന വില സമ്മതിക്കേണ്ട സ്ഥിതിയിലാണ് ചില്ലറ വ്യാപാരികൾ. മഹാരാഷ്ട്രയിൽ ഉണ്ടായ വെള്ളപ്പൊക്കം സവാള, ഉള്ളി എന്നിവയുടെ വില ഉയരാൻ കാരണമായിട്ടുണ്ട്.