മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് ഖുര്‍ആന്‍ വന്നതുമായി ബന്ധപ്പെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് ഖുര്‍ആന്‍ വന്നതുമായി ബന്ധപ്പെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കെതിരെ ഒട്ടേറെ പരാതികള്‍ അന്വേഷണ ഏജന്‍സിക്ക് പോയിരുന്നു. ഖുര്‍ആനുമായി ബന്ധപ്പെട്ടായിരുന്നു പരാതികള്‍. സാധാരണ ഗതിയില്‍ അത് വിവാദമാകേണ്ടതില്ല. യുഎഇ കോണ്‍സുലേറ്റ് വഴിയാണ് ഖുര്‍ആന്‍ എത്തിയത്. ഇക്കാര്യത്തില്‍ ചില വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ചോദിച്ചുവെന്നാണ് അറിയുന്നത്. അതിനപ്പുറം മറ്റ് വലിയ കാര്യങ്ങളില്ലെന്നാണ് മനസിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കെ.ടി. ജലീല്‍ നാട്ടിലെ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. റമദാന്‍ കാലത്ത് സക്കാത്ത് കൊടുക്കലും മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യലും കുറ്റകരമായ കാര്യമല്ല. അത് മന്ത്രി തന്നെ തെളിവു സഹിതം കാണിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിട്ടുള്ളതാണ്. അക്കാര്യത്തില്‍ എന്ത് കുറ്റമാണുള്ളത്. ഏതെങ്കിലും തരത്തില്‍ ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. സാധാരണ ഗതിയില്‍ ഇത്തരമൊരു കാര്യത്തില്‍ ബന്ധപ്പെടേണ്ട മന്ത്രി തന്നെയാണ് ജലീല്‍. സാധാരണ നടക്കുന്ന ഒരു കാര്യം നടന്നുവെന്ന് മാത്രമേ കാണേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.