Wednesday, April 16, 2025
Kerala

ഇന്നും നിപ പുതിയ കേസുകളില്ല; ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: ഇന്ന് പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പബ്ലിക് ഹെല്‍ത്ത് ലാബുകളുള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.

ഐ.സി.എം.ആര്‍. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കി. എസ്.ഒ.പി. ലഭിക്കുന്ന മുറക്ക് മുന്‍ഗണനാ ക്രമത്തില്‍ പരിശീലനം നല്‍കി ലാബുകള്‍ സജ്ജമാക്കുന്നതാണ്. നിപ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

ഇന്ന് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്‌സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *