Saturday, April 12, 2025
Kerala

പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി

കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ഊരുകളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്.

ഡാമിൻ്റെ മുകൾ ഭാഗമായ പാലക്കയം ടൗണിൽ കാലങ്ങൾക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഡാമിന്റെ 3 ഷട്ടറുകൾ ഉയർത്തിയ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്ത് ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *