അയിത്ത വിവാദം; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
മന്ത്രി കെ രാധാകൃഷ്ണനെതിരായ അയിത്ത വിവാദത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റിയാണ് പരാതി നൽകിയത്. പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്നും പരാതിയിൽ. മന്ത്രി നേരിട്ടത് പരസ്യമായ അവഹേളനമാണെന്നും വിമർശനം.
സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബിനും പയ്യന്നൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കുമാണ് പരാതി നൽകിയിരിക്കുന്നത്. മന്ത്രി കെ.രാധാകൃഷ്ണൻ ജാതിവിവേചനം നേരിടുക മാത്രമല്ല, പൊതുമധ്യത്തിൽ അവഹേളിക്കപ്പെട്ടു. പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് പരാതിയിലെ ആവശ്യം.
തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് മന്ത്രി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് മൊഴിയായി കണക്കാക്കി കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഇതുവരെ പരാതി നൽകിയിട്ടില്ല. കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി ജാതിവിവേചനം നേരിട്ടതിനെക്കുറിച്ച് പറഞ്ഞത്. ക്ഷേത്രത്തിന്റെ പേര് പറഞ്ഞിരുന്നില്ല.
വിളക്കു കത്തിച്ചശേഷം സഹപൂജാരി തനിക്കുതരാതെ നിലത്തുവെച്ചെന്നും താന്‍ അതെടുത്ത് കത്തിച്ചില്ല, പോയി പണിനോക്കാന്‍ പറഞ്ഞെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്. താന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല, തനിക്ക് അയിത്തമുണ്ടെന്നും മന്ത്രി ആ വേദിയില്‍ വ്യക്തമാക്കിയിരുന്നു.