Saturday, October 19, 2024
Kerala

പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ കണക്കുകൾ മൂന്ന് മാസത്തിനകം ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി

 

പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന പത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും പ്രത്യേക ഓഡിറ്റ് മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദേശിക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം ഓഡിറ്റിന് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി

പത്മനാഭവസ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവുചെലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തെ കൊണ്ട് ഓഡിറ്റ് ചെയ്യാൻ 2020ൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന ക്ഷേത്രത്തിന്റെ ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിംഗിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. കോടതി ഉത്തരവോടെ ട്രസ്റ്റിന് പ്രത്യേക ഓഡിറ്റുമായി സഹകരിക്കേണ്ടി വരും

1965ലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ നടത്തുന്നതിന് വേണ്ടിയായിരുന്നുവിത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദർശൻ മണ്ഡപങ്ങളും ചിത്രാലയം ആർട്ട് ഗ്യാലറി, കുതിര മാളിക എന്നിവയും ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഇവിടെ നിന്നുള്ള വരവുചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് നേരത്തെ സുപ്രീം കോടതിയിൽ റിപ്പോർട്ട് വന്നിരുന്നു.

Leave a Reply

Your email address will not be published.