ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഷണ്ടിംഗ് പിഴവ്; സ്റ്റേഷൻ മാസ്റ്റർ ഇന്ന് അന്വേഷണസമിതിക്ക് മുന്നിൽ ഹാജരാകും
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഷണ്ടിംഗ് പിഴവിനെപ്പറ്റി ഓപ്പറേഷൻസ് മാനേജർ അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ മാസ്റ്റർ കെഎസ് ബിനോദിനോട് ഇന്ന് അന്വേഷണസമിതിക്ക് മുൻപാകെ ഹാജരാകാൻ നിർദേശം നൽകി. ആസൂത്രണത്തിലെ പാളിച്ചയും ഷണ്ടിംഗ് ജോലി നീണ്ടുപോയതുമാണ് പിഴവിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ കെ എസ് ബിനോദിനെ ഇന്നലെ വൈകിട്ട് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്ററുടെ പരിചയക്കുറവും വിനയായെന്നാണ് വിലയിരുത്തൽ.
ആലപ്പി – ധൻബാദ് എക്സ്പ്രസിലെ ബോഗിയാണ് ഷണ്ടിംഗ് നടത്തിയത്. പുലർച്ചെ 6ന് മുൻപേ പൂർത്തിയാക്കേണ്ട ഷണ്ടിംഗ് ജോലി അവസാനിച്ചത് രാവിലെ 7.30ന് ആയിരുന്നു. ഇതിനനുസരിച്ച് മറ്റ് ട്രെയിനുകള് ക്രമീകരിക്കുന്നതിലും പിഴവുണ്ടായി. ഇതിന്റെ ഫലമായി കൊച്ചുവേളി – ബാംഗ്ലൂരും കൊല്ലം – ആലപ്പുഴ ട്രെയിനും പിടിച്ചിടേണ്ടിയും വന്നു. മൂന്ന് ട്രാക്കിലും കോച്ചുകൾ നിർത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിനോദിനെതിരെ നടപടി.
എഞ്ചിനുകൾ മാറ്റുന്ന ഷണ്ടിംഗ് നടപടികൾക്കായാണ് ആകെയുള്ള മൂന്ന് ട്രാക്കിലും ഇന്ന് രാവിലെ ആറരയോടെ കോച്ചുകൾ നിർത്തിയിട്ടത്. ഇതിനെ തുടർന്ന് മറ്റ് ട്രെയിനുകൾ സ്റ്റേഷൻ പരിധിയ്ക്ക് പുറത്ത് പ്രവേശനം ലഭിക്കാതെ കാത്തിരിക്കേണ്ടിവന്നു.