ജയഘോഷിന്റേത് ആത്മഹത്യാ നാടകമെന്ന് സംശയം; ആശുപത്രി വിട്ട ശേഷം ചോദ്യം ചെയ്യും
യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിന്റെ നീക്കങ്ങളിൽ ദുരൂഹത സംശയിച്ച് കസ്റ്റംസ്. ആത്മഹത്യാശ്രമം നടത്തിയ ജയഘോഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി വിട്ട ശേഷം ഇയാളെ കസ്റ്റംസ് ചോദ്യം ച്യെയും. എമിഗ്രേഷനിലും കോൺസുലേറ്റിലും പ്രവർത്തിച്ചപ്പോഴുള്ള ഇയാളുടെ സാമ്പത്തിക വളർച്ച പരിശോധിക്കും.
ആത്മഹത്യാശ്രമം ഇയാളുടെ നാടകമാണോയെന്നും എൻ ഐ എ പരിശോധിക്കുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യുമെന്ന് ഇയാൾക്കുറപ്പുണ്ടായിരുന്നു. ഇത് കണ്ടാണ് ആത്മഹത്യാശ്രമമെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. തന്നെ സ്വർണക്കടത്ത് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ജയഘോഷ് മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യം എന്തുകൊണ്ട് പോലീസിനെയോ അധികൃതരെയോ അറിയിച്ചില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്
കോൺസുലേറ്റിലെ മറ്റ് സുരക്ഷാ ജീവനക്കാർക്കില്ലാത്ത ഭയം ജയഘോഷിന് എന്തിനാണെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. സ്വർണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെ ഇയാൾ പരിഭ്രാന്തനായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ കോൺസുലേറ്റിലെ സുരക്ഷാ ജീവനക്കാരനാണ്.
സ്വർണക്കടത്ത് നടന്ന ദിവസങ്ങളിലെല്ലാം സ്വപ്‌ന സുരേഷും സരിത്തും ജയഘോഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇയാളെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട സമയത്തും ചില വിവരങ്ങൾ മറച്ചുവെച്ചാണ് സംശയിച്ചിരുന്നത്. ജയഘോഷിന്റെ നിയമനം സംബന്ധിച്ചും സംശയമുണരുന്നുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പ്രകാരമാണ് നിയമനമെന്നാണ് പോലീസ് പറയുന്നത്.