പരാതി പിൻവലിപ്പിക്കാനുള്ള ചുമതല മന്ത്രിമാർക്ക് നൽകിയിട്ടുണ്ടോയെന്ന് വി ഡി സതീശൻ
സ്ത്രീ പീഡന ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ സഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷം. പ്രതിപക്ഷത്തിന് വേണ്ടി കുണ്ടറ എംഎൽഎ പിസി വിഷ്ണുനാഥ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു
മന്ത്രി ശശീന്ദ്രന്റെ ഇടപെടൽ പദവിക്ക് നിരക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. സംസ്ഥാന കമ്മിറ്റിയിൽ എടുക്കാനാണോ കുട്ടിയുടെ പിതാവിനെ മന്ത്രി വിളിച്ചത്. കയ്യിൽ കയറി പിടിച്ചുവെന്ന പെൺകുട്ടിയുടെ പരാതി പോലീസ് പരിഗണിക്കാനിരിക്കെ പരാതി എങ്ങനെയാണ് നല്ല രീതിയിൽ തീർക്കുന്നതെന്നും സതീശൻ ചോദിച്ചു
പോലീസ് തെറ്റായ റിപ്പോർട്ട് നൽകി മുഖ്യമന്ത്രിയെ പോലും കബളിപ്പിച്ചു. മന്ത്രിമാർ ഇടപെട്ടാൽ ഇങ്ങനെയൊക്കെയുണ്ടാകും. ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് ഇരിക്കാൻ ശശീന്ദ്രൻ അർഹനല്ല. മന്ത്രിമാർക്ക് പരാതി പിൻവലിപ്പിക്കാനുള്ള ചുമതല വല്ലതും നൽകിയിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു