605 ഇടത്ത് ടിപിആറില്‍ മാറ്റമില്ല; 91 ഇടത്ത് മോശമായി: കര്‍ശനമായ ജാഗ്രത തുടരണം
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണത കാണുന്നുണ്ടെങ്കിലും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗവ്യാപനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആ കുറവിന്റെ വേഗം പ്രതീക്ഷിച്ച നിലയിലല്ല. 10.2 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
തൃശൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. 12.6 ശതമാനമാണ് തൃശൂര്‍ ജില്ലയിലെ ടിപിആര്‍. 7.8 ശതമാനമുള്ള കണ്ണൂരാണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ല. കണ്ണൂരിനു പുറമേ ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിലും താഴെയാണ്. ബാക്കി 7 ജില്ലകളിലും 10 മുതല്‍ 12.6 ശതമാനം വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നതാണ് ആശങ്കയായി തുടരുന്നത്.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 605 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 339 ഇടത്ത് മെച്ചപ്പെടുകയും 91 ഇടത്ത് മോശമാവുകയും ചെയ്തു. ആശ്വസിക്കാവുന്ന സ്ഥിതിവിശേഷം എത്തണമെങ്കില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെ എത്തിക്കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ശനമായ ജാഗ്രത തുടരണമെന്നും ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.