സംസ്ഥാനത്ത് രോഗവ്യാപനം പ്രതീക്ഷിച്ച വേഗതയില്‍ കുറയുന്നില്ല; ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ടിപിആര്‍ 24 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും.
നിലവില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. ഇത് 24 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ക്കു കൂടി ബാധകമാക്കാന്‍ തീരുമാനമായതോടെ കൂടുതല്‍ മേഖകള്‍ കടുത്ത നിയന്ത്രണത്തിന് കീഴില്‍ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8നും 16നും ഇടയിലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക.
ടിപിആര്‍ 16 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഒരു സമയം 15 പേര്‍ക്ക് മാത്രമാകും പ്രവേശനം നല്‍കുക. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൂടി ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, പൊതുജനത്തിന് പ്രവേശനമുണ്ടാകില്ല. നിലവിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.