Monday, April 14, 2025
Gulf

സൗരോർജത്തിലൂടെ വായുവിൽനിന്ന് വെള്ളം;  പദ്ധതിയുമായി ദുബായ് കമ്പനി 

 

ദുബായ്: വായുവിൽനിന്ന് ധാതുക്കൾ വേർതിരിച്ച് ശുദ്ധജലം നിർമിക്കുന്ന ഏറ്റവും നൂതനമായ പദ്ധതിയുമായി ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനി. 2017 മുതൽ ദുബായിൽ പ്രവർത്തിക്കുന്ന സോഴ്‌സ് ഗ്ലോബൽ കമ്പനിയാണ് സൗരോർജം ഉപയോഗിച്ച് പദ്ധതി അവതരിപ്പിക്കുന്നത്. സോളാർ പാനലുകൾ ഉപയോഗിച്ച് കുടിക്കാനുള്ള ശുദ്ധജലം നിർമിക്കാം എന്നതാണ് പദ്ധതിയുടെ പ്രത്യേകത. വലിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തന്നെ ശുദ്ധജലം ഉൽപാദിപ്പിക്കാൻ സോളാർ പാനലുകളിലൂടെ സാധിക്കുമെന്ന് കമ്പനി വൈസ് പ്രസിഡന്റ് വാഹിദ് ഫതൂഹി പറഞ്ഞു.

സൗരോർജം വഴി പവർ ഫാനിലൂടെ വായു ആഗിരണം ചെയ്ത് പ്രത്യേക തരം സ്‌പോഞ്ചിലൂടെ വെള്ളം ഉൽപാദിപ്പിക്കുകയും പിന്നീട് ശുദ്ധീകരിക്കുകയുമാണ് ചെയ്യുന്നത്. 48 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സോഴ്‌സ് ഗ്ലോബൽ ജല ഫാമിന് ഏറ്റവും അനുയോജ്യമായ നഗരമെന്ന നിലയിലാണ് ദുബായിയെ ഈ പദ്ധതിക്കു വേണ്ടി തെരഞ്ഞെടുത്തത്. ഈ രംഗത്ത് നിക്ഷേപമിറക്കാനുള്ള യു.എ.ഇയുടെ താൽപര്യമാണ് പദ്ധതിയുടെ പ്രചോദനം. കൃഷി, ജല പദ്ധതികളുടെ കാര്യത്തിൽ ഏറ്റവും നവീനമായ സാധ്യതകൾ പരീക്ഷിക്കുന്ന രാജ്യമാണ് യു.എ.ഇ എന്ന് വാഹിദ് ഫതൂഹി പറഞ്ഞു.

വായുവിൽനിന്ന് വെള്ളം ഉൽപാദിപ്പിക്കുന്ന സാങ്കേതിക വിദ്യ പുതിയതല്ലെന്നും എന്നാൽ സുസ്ഥിര ഊർജ സാധ്യതകളെ ഇതിനായി ഉപയോഗിക്കുന്നത് പുതുമയുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സംവിധാനം സ്വീകരിക്കാൻ ആളുകൾ ആദ്യം ഭയപ്പെടുമെങ്കിലും പിന്നീട് ഇത് അനിവാര്യമായി തോന്നുമ്പോൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *