പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ യുവാവിന്റെ ഭീഷണി മൂലമാണെന്ന് പറയാറായിട്ടില്ല; ചിറയിൻകീഴ് സി.ഐ
തിരുവനന്തപുരം ചിറയിൻകീഴ് പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് യുവാവിന്റെ ഭീഷണി കാരണമാണെന്ന് പറയാറായിട്ടില്ലെന്ന് ചിറയിൻകീഴ് സി.ഐ. പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ് എടുത്തിരിക്കുന്നത്. ആരോപണവിധേയനായ യുവാവിനെതിരെ പരാതി ലഭിച്ചിട്ടില്ല. എന്നാൽ ഈ ആരോപണത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ചിറയിൻകീഴ് സി.ഐ വ്യക്തമാക്കി.
പത്താംക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണങ്ങളുമായി രാഖിശ്രീയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ചിറയിൻകീഴ് സ്വദേശി 28കാരനായ അർജുന്റെ നിരന്തര ശല്യം കാരണമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. മാസങ്ങൾക്ക് മുൻപാണ് രാഖിശ്രീ യുവാവിനെ സ്‌കൂളിലെ പരിപാടിക്കിടെ കാണുന്നത്. പിന്നീട് യുവാവ് മകളെ നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
എസ്എസ്എൽസി പരീക്ഷയ്ക്ക് രാഖിശ്രീയ്ക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ച സന്തോഷത്തിലായിരുന്നു രാഖിശ്രീയുടെ കുടുംബം. ഈ ദിവസമാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതും. എസ്എസ്എൽസി ഫലമറിഞ്ഞ ശേഷം രാവിലെ സ്‌കൂളിൽ നടന്ന അനുമോദന ചടങ്ങിലും രാഖിശ്രീ പങ്കെടുത്തിരുന്നു. അതിനുശേഷം വൈകിട്ടാണ് കൂന്തള്ളൂരിലെ വീട്ടിലെ ശുചിമുറിക്കുള്ളിൽ വച്ച പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തുന്നത്. രാഖിശ്രീയുടെ പരാതിക്ക് പിന്നാലെ യുവാവ് വിദേശത്തേക്ക് പോയിരുന്നു. ശേഷം കഴിഞ്ഞയാഴ്ച തിരികെയെത്തിയാണ് വീണ്ടും പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്. ബസ് സ്റ്റോപ്പിൽ വച്ചും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.