Wednesday, April 9, 2025
Kerala

മിഷൻ അരിക്കൊമ്പൻ ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി; മോക്ഡ്രിൽ ശനിയാഴ്ച

ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പനെ കൂട്ടിലാക്കാനുള്ള ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റി. കുങ്കിയാനകൾ എത്താൻ വൈകുന്നതും ഹയർ സെക്കൻഡറി പരീക്ഷയും പരിഗണിച്ചാണ് തീരുമാനം. ദൗത്യസംഘത്തിലെ രണ്ടാമത്തെ കുങ്കിയാന, സൂര്യൻ ചിന്നക്കനാലിൽ എത്തി. ജനങ്ങൾക്ക് ബോധവത്കണം നൽകുന്നതിന്റെ ഭാഗമായി ചിന്നക്കനാൽ-ശാന്തൻപാറ പഞ്ചായത്തുകളിൽ സംയുക്ത യോഗം ചേർന്നു.

ഇന്ന് പുലർച്ച ആറരയോടെ സൂര്യനെന്ന കുങ്കിയാന ചിന്നക്കനാലിൽ എത്തി. രണ്ടുദിവസം മുന്നേ പുറപ്പെട്ട വിക്രത്തിനൊപ്പമാണ് സൂര്യനെയും തളച്ചിരിക്കുന്നത്. ഇനിയെത്താനുള്ളത് ദൗത്യസംഘത്തിലെ ശക്തന്മാരായ കുഞ്ചുവും, കോന്നി സുരേന്ദ്രനും. പ്രത്യേകം പരിശീലനം ലഭിച്ച കുങ്കിയാനകളാണ് നാലും.അരിക്കൊമ്പനെ പൂട്ടാൻ എല്ലാ ഒരുക്കങ്ങളും പൂർണ്ണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ ട്വന്റിഫോറിനോട് വ്യക്തമാക്കി. ശനിയാഴ്ചയോ ഞായറാഴ്ചയോ കൊമ്പനെ കൂട്ടിലാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

മാർച്ച് 25ന് ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 71 അംഗ ദൗത്യസംഘത്തെ 11 ടീമുകളാകും. അന്ന് തന്നെ കുങ്കി ആനകളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടക്കും. മാർച്ച് 26ന് പുലർച്ചെ നാലുമണിക്ക് അരിക്കൊമ്പനെ കൂട്ടിലാക്കാനുള്ള ദൗത്യം തുടങ്ങും. നിലവിൽ പെരിയകനാൽ ഭാഗത്തുള്ള അരിക്കൊമ്പനെ സിമന്റ് പാലം, 301 കോളനി എന്നീ ഭാഗത്തേക്ക് എത്തിച്ച് മയക്ക് വെടിവയ്ക്കാനാകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *