പിടി 7 നെ പിടികൂടാനുള്ള ദൗത്യം തുടങ്ങി; ഇന്ന് തന്നെ മയക്കുവെടി വയ്ക്കാൻ ശ്രമം
ജനവാസ മേഖലയിലിറങ്ങുന്ന പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആനയെ തെരഞ്ഞ് ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഇന്ന് തന്നെ മയക്കുവെടി വയ്ക്കാനാണ് ശ്രമം.
ആർആർടി സംഘം നിലവിൽ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. ആനയുടെ സാന്നിധ്യം മനസിലാക്കിയാൽ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പിടി സെവനെ പിടികൂടാനായി ഉൾവനത്തിലേക്ക് പോകും. മയക്കുവെടി വയ്ക്കാൻ ഉചിതമായ സ്ഥലം കണ്ടെത്തി നടപടി തുടങ്ങും. നേരത്തെ സംഘത്തലവൻ ഡോ. അരുണിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഓഫീസിൽ പ്രത്യേക യോഗം ചേർന്നു.
പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സർജൻ എന്നിവർ പങ്കെടുത്തു. ആനയെ പിടിക്കുന്നതിനുള്ള വിവിധ ടീമുകൾക്കും രൂപം നൽകി. ആനയെ മയക്കുവെടി വച്ചാൽ അത് ഓടാനുള്ള സാധ്യതയുള്ളതിനാൽ അക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിഗണിച്ചാകും നടപടിയെന്ന് ഡോ. അരുണ്‍ അറിയിച്ചു. പിടികൂടുന്ന കൊമ്പനെ പാർപ്പിക്കാൻ യൂക്കാലി തടി കൊണ്ടുള്ള കൂടും തയാറാണ്. കൂടിന്റെ ബലപരിശോധന ഇന്നലെയും പൂർത്തിയാക്കിയിരുന്നു.