Saturday, January 11, 2025
Kerala

പേട്ടയില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവം; പൊലീസ് വീഴ്ച ഗൗരവതരമായി കാണുന്നുവെന്ന് മന്ത്രിമാര്‍

തിരുവന്തപുരത്ത് യുവതിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്ത്. പൊലീസ് അലംഭാവം ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ ശിശു ക്ഷേമ വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൊലീസുമായി സഹകരിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതികളുമായി വനിതാ ശിശു ക്ഷേമ വകുപ്പ് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവന്തപുരത്തേത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഒരു കാരണവശാലും ആവര്‍ത്തിക്കാന്‍ പാടില്ല. ആര് പ്രതിയായാലും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേസില്‍ പൊലീസിന്റെ വീഴ്ച സമ്മതിച്ച് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ഗൗരവമായ പ്രശ്‌നങ്ങളില്‍ പൊലീസ് സംയോജിതമായി ഇടപെടേണ്ടത് അത്യാവശ്യാണെന്ന് മന്ത്രി പറഞ്ഞു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം പേട്ടയില്‍ മരുന്നു വാങ്ങാന്‍ രാത്രി വീട്ടില്‍നിന്ന് പോയ സ്ത്രീയെ ആണ് ബൈക്കില്‍ എത്തിയ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചത്. അക്രമം നടന്ന തിങ്കളാഴ്ച അപ്പോള്‍ തന്നെ തൊട്ടടുത്തുള്ള പേട്ട പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച ആക്രമിക്കപ്പെട്ട സ്ത്രീ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനു ശേഷമാണ് പൊലീസ് വീട്ടിലെത്തി യുവതിയുടെ മൊഴിയെടുത്തത്. ഇപ്പോഴും പൊലീസിന് പ്രതികളെ കുറിച്ച് യാതൊരു സൂചനയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *