Saturday, October 19, 2024
Kerala

അബ്ദുൾ റഹ്മാൻ ഔഫിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ ഔഫിന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഹൊസ്ദുർഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 2000 ത്തോളം പേജുകളുള്ള കുറ്റപത്രം കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് സമർപ്പിച്ചത്.

രാഷ്ട്രീയ വിരോധത്തെ തുടർന്ന് തന്നെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ച ക്രൈംബ്രാഞ്ച് സംഘം ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെയു ഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാൻ ഇടയായതിന്റെ വൈരാഗ്യമാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫിന്റെകൊലക്ക് കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു.

101 സാക്ഷികളുടെ വിവരങ്ങൾ, അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത 43 തൊണ്ടിമുതലുകൾ, ചികിത്സാരേഖകൾ, പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടുകൾ, ഫോൺ കോൾ രേഖകൾ, കണ്ണൂർ റീജിയണൽ ലാബിൽ നടത്തിയ പരിശോധനയുടെ വിവരങ്ങൾ അടക്കം 42 രേഖകൾ എന്നിവ കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊലക്കേസിൽ അറസ്റ്റിലായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ് (29), യൂത്ത് ലീഗ് പ്രവർത്തകരായ ഹസൻ 30), ഹാഷിർ (27) എന്നിവർക്കെതിരെയാണ് കുറ്റപത്രം.

2020 ഡിസംബർ 23 രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് അബ്ദുൾ റഹ്മാന് കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുൾ റഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇർഷാദ് ഉൾപ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ഇർഷാദിനെ കണ്ടതായി ഷുഹൈബ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാർഡിൽ എൽഡിഎഫ് വിജയം നേടിയതോടെയാണ് കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങൾ ആരംഭിച്ചത്. വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയടക്കമുള്ള സംഘം ആഹ്ളാദപ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാർ കല്ലെറിഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഭവമെന്നായിരുന്നു റിപ്പോർട്ട്.

Leave a Reply

Your email address will not be published.