ഷാഫിയും ശബരിനാഥനും നിരാഹാര സമരം അവസാനിപ്പിച്ചു; ആശുപത്രിയിലേക്ക് മാറ്റി
സെക്രട്ടേറിയറ്റിന് മുന്നിൽ എംഎൽഎമാരായ ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കളെത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്
ഒമ്പത് ദിവസമായി തുടരുന്ന നിരാഹാര സമരത്തെ തുടർന്ന് ഇരുവരുടെയും ആരോഗ്യസ്ഥിതി മോശമായിരുന്നു. ഷാഫിക്കും ശബരിനാഥനും പകരം ഇനി റിജിൽ മാക്കുറ്റി, എൻ എസ് നുസൂർ, റിയാസ് മുക്കോളി എന്നീ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാർ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.
രണ്ട് എംഎൽഎമാർ നിരാഹാരമിരുന്നിട്ട് സ്പീക്കറോ പാർലമെന്ററികാര്യ മന്ത്രിയോ അന്വേഷിച്ചില്ലെന്നും ജനാധിപത്യ സംവിധാനത്തിൽ പുലർത്തിവരുന്ന സാമാന്യ മര്യാദയും നീതിയും പാലിക്കാൻ സർക്കാർ തയ്യാറായില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എംഎൽഎമാരുടെ ജീവന്റെ വില മനസ്സിലാക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കാതിരുന്നത് ദൗർഭാഗ്യകരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു