രണ്ടാം ഘട്ടം വിജയകരം; പി.ടി 7നെ ലോറിയിൽ കയറ്റി
പി.ടി 7നെ പിടികൂടുന്നതിന്റെ രണ്ടാം ഘട്ടവും വിജയകരം. കുങ്കിയാനകളുടെ സഹായത്തോടെ പാലക്കാട് ടസ്‌കർ 7 എന്ന പി.ടി സെവനെ ലോറിയിൽ കയറ്റി.
വർഷങ്ങളായി ധോണിയെ വിറപ്പിച്ച കൊമ്പൻ പി.ടി സെവനെ ഇന്ന് രാവിലെ 7.10 നാണ് മയക്കുവെടി വച്ച് വീഴ്ത്തിയത്. ഇടത് ചെവിക്ക് താഴെയായിരുന്നു വെടിയേറ്റത്. തുടർന്ന് ഭരതനും വിക്രമനും ഇടത്തും വലത്തും നിന്നും സുരേന്ദ്രൻ പിറകിൽ നിന്നും തള്ളി പി.ടി സെവനെ ലോറിയിൽ കയറ്റി.
മുണ്ടൂരിലെ അനുയോജ്യമായ സ്ഥലത്ത് പിടിസെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്. ഇനി പി.ടി സെവനെ ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിച്ച ശേഷം മാത്രമേ ദൗത്യം പൂർത്തിയാകൂ.