Tuesday, March 11, 2025
Kerala

വന്യജീവി ശല്യം: നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രം, മലയോര ജനതയുടെ പ്രക്ഷോഭം വസ്തുത മനസിലാക്കാതെയെന്ന് വനംമന്ത്രി

വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്നാണ് മാധവ് ഗാഡ്ഗിൽ പറയുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. എന്നാൽ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണ്. വസ്തുതകൾ മനസിലക്കാതെ ആണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ബഫാർ സോൺ വിഷയത്തിൽ തുടക്കത്തിലും ഇതുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

താമരശേരി ബിഷപ്പിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിൽ തർക്കത്തിലേക്ക് പോകാനില്ല. ആ അഭിപ്രായ പ്രകടനത്തിനൊപ്പം ഇന്നത്തെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ഇന്നും ആ കാര്യം ആവർത്തിച്ചിട്ടുണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. മലമ്പുഴയിൽ ജനം കുറേ ആഴ്ചകളായി ഉറങ്ങാനാവാതെ കഴിയുകയായിരുന്നു. അവർക്ക് ഇപ്പോൾ ആശ്വാസമായി. വളരെ ശ്രമകരമായാണ് ദൗത്യസംഘം പിടി7 എന്ന കൊമ്പനാനയെ പിടിച്ചത്. ഇന്നലെ ദൗത്യം പൂർത്തിയാക്കാമെന്ന് കരുതിയിരുന്നു. എന്നാൽ വന്യമൃഗത്തിന്റെ സഞ്ചാരം പ്രവചിക്കാനാവില്ല. ഇന്നലെ പരാജയപ്പെട്ടതിന്റെ നിരാശയുണ്ടായിരുന്നു.

മൂന്ന് ഘട്ടങ്ങളിലായി ദൗത്യം പൂർത്തിയാക്കും. രണ്ടാംഘട്ടം കൂടുതൽ പ്രധാനപ്പെട്ടതാണ്. പിടി 7 നെ കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയിൽ കയറ്റണം. മൂന്നാം ഘട്ടം വാഹനത്തിൽ നിന്നിറക്കി കൂട്ടിൽ കയറ്റുന്നത്. ആദ്യഘട്ടം വിജയകരമാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *